തിരുവനന്തപുരം: ഐഎഎസുകാരുടെ അനധികൃത സ്ഥലംമാറ്റത്തിന് എതിരേ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ വിധി നേടിയ ഡോ.ബി. അശോകിനെ കൃഷിവകുപ്പ് പ്രിൻസിപ്പൽ സ്ഥാനത്തുനിന്നു തെറിപ്പിച്ച് അപ്രധാനമായ സൈനിക് ക്ഷേമവകുപ്പിൽ നിയമിച്ചു. യുവജനകാര്യ വകുപ്പിന്റെ അധിക ചുമതലയും നൽകിയിട്ടുണ്ട്.
സ്ഥലംമാറ്റത്തിനും നിയമനത്തിനും സിവിൽ സർവീസ് ബോർഡിന്റെ ശിപാർശയുണ്ടാകണമെന്നും സർക്കാരിനു തോന്നിയതുപോലെ സ്ഥലംമാറ്റാൻ കഴിയില്ലെന്നും ഉത്തരവ് നേടിയിരുന്നു. അവധിയിലുള്ള തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാളിനാണ് കൃഷിവകുപ്പിന്റെ അധികചുമതല നൽകിയത്. ടിങ്കു ബിസ്വാൾ അവധി കഴിഞ്ഞെത്തുംവരെ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ്സെക്രട്ടറി ബിശ്വനാഥ് സിൻഹയ്ക്കാവും ചുമതല.
ഒരു തസ്തികയിൽ രണ്ടു വർഷം കാലാവധി ഉറപ്പാക്കണമെന്നും മാറ്റുന്നതിന് സിവിൽ സർവീസ് ബോർഡിന്റെ ശിപാർശയുണ്ടാകണമെന്നും സിഎടി ഉത്തരവിട്ടിരുന്നു. മൂന്നര വർഷമായി കൃഷിവകുപ്പിലുള്ള അശോകിനെ മാറ്റാൻ ചീഫ്സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള ബോർഡ് ചേർന്ന് സർക്കാരിനു ശിപാർശ നൽകുകയായിരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വരും മുൻപ് തിരക്കിട്ട് ഉത്തരവിറക്കുകയായിരുന്നു.